ഭാർഗവി ദാവർ
മാനസികാരോഗ്യ രംഗത്തെ വിപ്ലവകാരി
ഒരേസമയം അക്കാദമിക് വിദഗ്ധയായും ആക്ടിവിസ്റ്റായും പ്രവർത്തിച്ചുകൊണ്ട് ഇന്ത്യയിലെ മാനസികാരോഗ്യ രംഗത്തെ പരിഷ്കരിച്ച ആളാണ് ഡോക്ടർ ഭാർഗവി ദാവർ. അന്താരാഷ്ട്ര വേദികളിലും മാനസിക രോഗങ്ങൾ ഉള്ളവർക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങളിൽ പ്രധാന ശബ്ദമായിരുന്നു ദാവർ.
1999-ൽ ദാവർ പൂനെയിൽ സ്ഥാപിച്ച Bapu Trust for Research on Mind and Discourse ആണ് അവരുടെ പ്രവർത്തനങ്ങളുടെ ഒരു പ്രധാന കേന്ദ്രമായത്. മാനസികരോഗ ചികിത്സാ കേന്ദ്രങ്ങളിൽ നിലനിന്നിരുന്ന ക്രൂരവും മനുഷ്യാവകാശ വിരുദ്ധവുമായ സാഹചര്യങ്ങളുടെ ഇരയായിരുന്ന സ്വന്തം അമ്മയുടെ അനുഭവങ്ങളാണ് അമ്മയുടെ പേരിൽ തന്നെ ഈ സ്ഥാപനം തുടങ്ങാൻ ദാവർക്കു പ്രചോദനമായത്. സാമൂഹിക മാനസികാരോഗ്യ പ്രവർത്തനങ്ങളുടെയും ആഗോളതലത്തിൽ തന്നെ വ്യാപിച്ച ഗവേഷണ, നയരൂപീകരണ ഇടപെടലുകളുടെയും പേരിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ സ്ഥാപനമാണ് ഇന്ന് ബാപു ട്രസ്റ്റ്. ട്രസ്റ്റിന്റെ തന്നെ ഭാഗമായി പ്രവർത്തിക്കുന്ന Center for Advocacy in Mental Health (CAMH), മാനസികാരോഗ്യ രംഗത്തെ പിന്തുണാ പ്രവർത്തനം (Advocacy) ഒരു പ്രഖ്യാപിത ലക്ഷ്യമായിട്ടുള്ള ആദ്യ സംരംഭങ്ങളിൽ പെടുന്നു. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ Transforming Communities for Inclusion (TCI Global), മാനസികാരോഗ്യ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള ഓൺലൈൻ വേദിയായ Mad in Asia എന്നിവയുടെയും തുടക്കക്കാരിയാണ് ദാവർ. എഴുത്തുകാരിയും ഗവേഷകയുമായ ജയശ്രീ കളത്തിലും Mad in Asia-യുടെ പിന്നണിയിൽ ഉള്ളയാളാണ്.
World Network of Users and Survivors of Psychiatry ബോർഡ് അംഗം എന്ന നിലയിൽ ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യ രാഷ്ട്ര കൺവെൻഷൻ (UN CRPD) രൂപീകരിക്കുന്നതിനു പിന്നിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അവർ, ഈ കൺവെൻഷൻ സംബന്ധിച്ച പരിശീലനങ്ങൾ കൊടുക്കുന്ന ഇന്ത്യയിലെ ആദ്യ പരിശീലകരിൽ ഒരാളുമായിരുന്നു.
Mad Studies എന്ന് അറിയപ്പെടുന്ന സാമൂഹ്യശാസ്ത്ര ശാഖയ്ക്ക് ധാരാളം സംഭാവനകൾ നൽകിയിട്ടുള്ള പണ്ഡിത കൂടിയാണ് ദാവർ. ബോംബെ ഐ ഐ റ്റിയിൽ നിന്ന് PhD നേടിയ അവർ ധാരാളം അക്കാദമിക് ലേഖനങ്ങളും ശ്രദ്ധേയമായ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. മാനസിക രോഗ ചികിത്സയിലെ കൊളോണിയൽ മാതൃകയും അതിനുള്ള ബദൽ സാധ്യതകളും, 2001-ലെ ഏർവാഡി ദുരന്തവും ഒക്കെ അവരുടെ എഴുത്തിന് വിഷയമായിട്ടുണ്ട്. മാനസിക രോഗങ്ങൾ ഉള്ളവരുടെ ഭാഗത്തു നിന്നുകൊണ്ട് മാനസികരോഗ ചികിത്സാ മേഖലയെ വിമർശനാത്മകമായി സമീപിക്കുന്ന രീതിയാണ് അവർ അനുവർത്തിച്ചത്. ഈ മേഖലയിൽ ആഗോള ഭൂരിപക്ഷ (Global Majority/Global South) സമൂഹത്തിൻ്റെ ശബ്ദമായി അവരുടെ എഴുത്തും പ്രവർത്തനവും അംഗീകരിക്കപ്പെട്ടിരുന്നു.
2005-ലെ അശോക ഫെലോഷിപ്പ് ഉൾപ്പെടെ ധാരാളം ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ഭാർഗവി ദാവർ, 2024 മെയ് 22-ന് അന്തരിച്ചു.


